മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വേദന അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിന്റെ മരണം വേദനാജനകമാണെന്നും രക്ഷിക്കാൻ എല്ലാ ശ്രമവും നടന്നെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ കുഞ്ഞ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഹൃദയാഘാതമായിരുന്നു. മരണകാരണം. ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞിന് എങ്ങനെ കോവിഡ് ബാധിച്ചു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് പതിനഞ്ച് പേർ കൂടി രോഗമുക്തരായി. മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലക്കാരായ ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.