പത്തനംതിട്ട: 43 ദിവസമായി കോവിഡ്-19 ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.
തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കും. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ വീട്ടമ്മ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂ.
നിലവിലെ ഫലം താല്‍ക്കാലിക ആശ്വാസം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്നു നല്കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്കുന്ന മരുന്നാണിത്. ഇന്നോ അല്ലെങ്കില്‍ നാളെയോ ആയിരിക്കും ഇവരുടെ സാമ്പിള്‍ അടുത്ത പരിശോധനയ്ക്ക് അയക്കുക. ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.