Site icon Ente Koratty

ജീവനക്കാരുടെ യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് എടുക്കണമെന്ന് ആരോഗ്യമന്ത്രി

ആശുപത്രിയിലേക്കുള്ള ബസ് യാത്രക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജീവനക്കാരുടെ യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം വരെ സൌജന്യമായിരുന്ന യാത്രക്ക് ദിവസം 150 രൂപ നിരക്കില്‍ പണം ഈടാക്കാന്‍ തീരുമാനിച്ചെന്ന് മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മീഡിയവണ്‍ ഇംപാക്ട്.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള ജീവനക്കാരുടെ യാത്രക്ക് ദിവസം 150 രൂപ നിരക്കില്‍ ഇന്നുമുതല്‍ ഈടാക്കാനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീരുമാനിച്ചത്. ഈ വാര്‍ത്ത വന്നതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഇടപെട്ടു. കോവിഡ് കാലയളവില‍് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. ബസ് യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് നല്‍കിയ 10 ലക്ഷം രൂപ തീര്‍ന്നതോടെ കെഎസ്ആര്‍ടിസിക്ക് പണം നല്‍കാന്‍ കഴിയാതെയായതാണ് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.

Exit mobile version