കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിമൂന്നായി. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. കോവിഡ് മൂലം മരിച്ചഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി.
168 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 145 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 17 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 6 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരിൽ 31 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 443 പേരാണ് രോഗവിമുക്തി നേടിയത് . നിലവിൽ 1792 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 50 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.