Site icon Ente Koratty

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ഹൗസ് സർജന്മാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് ദല്‍ഹിയില്‍ നിന്ന് വിനോദയാത്രകഴിഞ്ഞെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തബ് ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഇവര്‍ ട്രെയിനില്‍ സഞ്ചരിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ പത്തംഗ സംഘമാണ് വിനോദയാത്രക്ക് പോയത്. മാര്‍ച്ച് 19ന് തിരിച്ചെത്തിയ ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ബാക്കിയുള്ളവര്‍ മെഡിക്കല്‍ കോളജിനടുത്ത് വീട്ടിലും ഐസലോഷനിലായിരുന്നു.

ഐസൊലേഷന്‍ കാലയളവ് കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശിക്കാനെത്തിയപ്പോള്‍ ഇവരുടെ സാമ്പിള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ഏഴ് പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത രണ്ടു പേരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

മെഡിക്കല്‍ കോളജില്‍ ഇവരെ പരിശോധിച്ച ആറ് ഡോക്ടര്‍മാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ഇവര്‍ മറ്റ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

Exit mobile version