കൊല്ലം ∙ ജില്ലയിൽ ഒരാൾക്കു കൂടി സമ്പർക്കത്തിലൂടെ കോവിഡ്-19 പിടിപെട്ടു. തമിഴ്നാട്ടിൽ കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയ കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ 31 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളെയും സമ്പർക്കമുള്ള ബന്ധുവിനെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ജില്ലയിലെ 10 പേർക്കാണു രോഗം ബാധിച്ചത്. 4 പേർ ആശുപത്രി വിട്ടു. 6 പേർ ചികിത്സയിൽ.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുളത്തൂപ്പുഴ സ്വദേശിയായ അമ്മയോടൊപ്പമാണു പുളിയങ്കുടിയിലേക്കു പോയത്. ചടങ്ങിൽ പങ്കെടുത്ത ശേഷം പിറ്റേന്ന് അമ്മയെ അവിടെ നിർത്തിയ ശേഷം മടങ്ങിയെങ്കിലും പിന്നീടും അങ്ങോട്ടേക്കു പോയി. നടന്നും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ് വാനുകളിലും മറ്റുമായിട്ടായിരുന്നു യാത്ര.
മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 14 പേർക്കു തമിഴ്നാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കുളത്തൂപ്പുഴ സ്വദേശി പങ്കെടുത്ത വിവരം അമ്മയിൽ നിന്നു ലഭിച്ചത്. തുടർന്നു തമിഴ്നാട് പൊലീസ് കേരള പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇയാളുടെ മാതൃസഹോദരനെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
ഇടിയപ്പം പോലെ…
രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയുടെ സഞ്ചാരപഥം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ വെള്ളം കുടിക്കുന്നു. ഇടിയപ്പത്തിന്റെ നൂലുകൾ പോലെയാണു യാത്രകൾ കൂടിക്കുഴഞ്ഞുകിടക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ. പുളിയങ്കുടിയിൽ നിന്ന്് ഇയാൾ മടങ്ങിയതു കാൽനടയായും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ്പ് വാനുകളിലും മറ്റുമായാണ്. കാൽനടയായി വരവെ ഏതെങ്കിലും കടകളിൽ കയറിയോ, പിക്കപ് വാനിലെ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുന്നതേയുള്ളൂ. ഇയാൾ നൽകിയ വിവരം അനുസരിച്ചു ബന്ധുക്കൾ ഉൾപ്പെടെ 9 പേരുടെ സ്രവം പരിശോധനയ്ക്കു ശേഖരിച്ചു.
അതിർത്തിയിൽ സമൂഹവ്യാപനം
തെന്മല∙ ജില്ലയുടെ സംസ്ഥാന അതിർത്തിയായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ കോവിഡ്-19 സമൂഹവ്യാപനം. തെങ്കാശി ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 31 ആയി. ഇതിൽ ഇരുപത്തിയെട്ടും പുളിയങ്കുടിയിലാണ്. പുളിയങ്കുടി നഗരസഭയിൽ പൂർണമായും ലോക്ഡൗൺ പ്രഖ്യാപിച്ചു. തെങ്കാശി പട്ടണവും പൂർണമായി അടച്ചു.
പുളിയങ്കുടിയിലെ വീട്ടിൽ ബന്ധുവായ യുവാവ് ദുബായിൽ നിന്നെത്തിയതോടെയാണ് ഇവിടെ രോഗം പകർന്നത്. രോഗം പിടിപെട്ട ബന്ധുവായ വയോധികൻ വിവാഹ ചടങ്ങിൽ പങ്കെടുത്തതോടെയാണു സമൂഹ വ്യാപനം ആരംഭിച്ചതെന്നാണു തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിഗമനം.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാംപ് പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാപിനു നേതൃത്വം നൽകുന്നത് ആരോഗ്യവകുപ്പ് ഡപ്യുട്ടി ഡയറക്ടർ രാജയാണ്. 4 ഡോക്ടർ, 20 ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ 2 ടീമുകളായി പുളിയങ്കുടിയിലെ ഓരോ വീടുകളിലെത്തി പരിശോധന നടത്തുകയാണ്. രോഗ ലക്ഷണം കാണുന്നവരെ പുളിയങ്കുടിയിലെ ക്യാംപിലെത്തിച്ച് റാപ്പിഡ് ടെസ്റ്റ് നടത്തും. കോവിഡ് പോസിറ്റീവ് ആകുന്നവരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു.