Site icon Ente Koratty

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും രണ്ട് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്.

46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിനങ്ങളിൽ കാണാം എന്നു പറഞ്ഞാണ്. വാര്‍ത്താ സമ്മേളനത്തിൽ അതത് ദിവസത്തെ പ്രധാന സംഭവങ്ങളാണു പറഞ്ഞത്. നമ്മുടെ പ്രവർത്തനത്തിന്റെ പൊങ്ങച്ചം അവതരിപ്പിക്കാൻ ഉപയോഗിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്, രണ്ട് ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കി, ക്വാറന്റൈന്‍ മുതല്‍ വീട്ടിലേക്കെത്തിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യേണ്ടതുണ്ട്, കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രവാസികൾ എവിടെയാണോ അവിടെ തങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോടിനെ ഈ ഘട്ടത്തിൽ ഓര്‍ക്കുന്നത് നല്ലതാണ്, രണ്ട് മാസത്തിലേറയായി പടപൊരുതുന്ന ജില്ലയാണത്, രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേരും രോഗമുക്തി നേടി, ഇപ്പോള്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരവുമല്ല, കര്‍ക്കശമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നല്‍കി കാസര്‍കോട് രാജ്യം അംഗീകരിക്കുന്ന മാതൃകയായി, ജില്ലയിൽ ഇന്ന് ആറ് പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു, 27 പേര്‍ മാത്രമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത് കാസര്‍കോട് ജില്ലയിലെ എല്ലാവരും നന്നായി പ്രയത്നിച്ചു അതെല്ലാം നാടിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version