സംസ്ഥാനത്ത് 13 പേര് കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര് വീടുകളിലും 461 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.