തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ നാലും കോഴിക്കോട് രണ്ടും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് എത്തിയതാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്ന് 27 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് നിന്നാണ് ഏറ്റവും കൂടുതല്‍ പേര് ഇന്ന് ആശുപത്രി വിട്ടത്. 24 പേര്. എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോരുത്തര് വീതവും ആശുപത്രി വിട്ടു.
സംസ്ഥാനത്ത് 394 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 147 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 88,855 പേരാണ്. ഇതില്‍ 88,332 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 532 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 17,400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.16,459 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് എയര്‍വെയ്സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് പോയെന്നും ഇതില്‍ കോവിഡ് ഭേദമായി ഏഴ് വിദേശ പൗരന്മാരും ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിതെന്നും കേരളത്തിന് പ്രത്യേകം നന്ദിയറിയിച്ചാണ് അവര്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം നടപ്പിലാക്കുമെന്നും എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.