Site icon Ente Koratty

അന്ന് വിവരം മറച്ചുവെച്ച് പറക്കാന്‍ ശ്രമിച്ചു, ഇന്ന് മടങ്ങുന്നത് രോഗമുക്തരായി; കേരളത്തിന് അഭിമാനം

കൊച്ചി: യു.കെയില്‍ നിന്ന് കേരളം കാണാനെത്തി കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് സംഘം പ്രത്യേക വിമാനത്തില്‍ അല്‍പസമയത്തിനകം മടങ്ങും. സംഘത്തിലെ രോഗബാധിതരായ ഏഴുപേരും കൊച്ചിയിലാണ് പൂര്‍ണ സൗഖ്യംപ്രാപിച്ചത്. കേരളത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളില്‍നിന്നുളള പൗരന്മാരും പ്രത്യേകവിമാനത്തില്‍ യാത്രതിരിക്കും.

മാര്‍ച്ച് ഏഴിന്‌ കേരളത്തിലെത്തിയ ബ്രയാന്‍ നീലും സംഘവും പനിയുളള വിവരം മറച്ചുവച്ച് മൂന്നാറിലെ സറേര ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം പറക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇവരെ തടഞ്ഞത്. പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഇവരെ കളമശേരി മെഡിക്കല്‍ കോളജാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ഐസൊലേഷനിലാക്കി.

അറുപത്തിയഞ്ചു പിന്നിട്ട സംഘാംഗങ്ങളുടെ ആരോഗ്യനില ഇടയ്ക്ക് ആശങ്കയിലായെങ്കിലും ക്രമേണ ആരോഗ്യം വീണ്ടെടുത്തു. ഐ.സി.എം.ആര്‍. അനുമതിയോടെ എച്ച്‌.ഐ.വി. പ്രതിരോധമരുന്നാണ് പരീക്ഷണാര്‍ഥം ബ്രയാന് നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ബ്രയാന് ആശുപത്രി വിടാനായി. ഇതിനിടെ ബ്രയാന്റെ കുടുംബാംഗം കേരളത്തിലെ ചികിത്സയുടെ നിലവാരം പോരെന്നു കാണിച്ച് രംഗത്തെത്തിയെങ്കിലും ബ്രയാന്‍ കേരളത്തിലെ ചികിത്സയെ പ്രകീര്‍ത്തിക്കുകയായിരുന്നു.

ബ്രയാന്റെ സംഘത്തിലെ രോഗബാധിതരല്ലാത്തവര്‍ നേരത്തെ മടങ്ങിയിരുന്നു. നെടുമ്പാശേരിയില്‍നിന്ന് ബഹ്‌റൈന്‍ വഴിയാണ് സംഘം ഹീത്രു വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നത്. ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്ന ബ്രട്ടീഷ് പൗരന്മാര്‍ സുഖം പ്രാപിച്ച് മടങ്ങുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്കും ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുളളവര്‍ക്കും മറ്റൊരു നേട്ടമായി. കേരളത്തിലുണ്ടായിരുന്ന മറ്റ് ബ്രട്ടീഷ് പൗരന്മാരും അയര്‍ലണ്ട്,പോര്‍ച്ചുഗല്‍,ആസ്‌ട്രേലിയന്‍ പൗരന്മാരും തിരുവനന്തപുരം,നെടുമ്പാശേരി വിമാനത്താവളങ്ങളില്‍നിന്നായി പ്രത്യേക വിമാനത്തിലുണ്ട്.

Exit mobile version