തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് ഒരാൾക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വിവിധ ജില്ലകളിൽനിന്ന് ഏഴ് പേർ ഇന്ന് രോഗവിമുക്തി നേടി വീടുകളിലേക്ക് മടങ്ങി. കാസർഗോഡ് നിന്ന് നാല് പേരും കോഴിക്കോട്ട് നിന്ന് രണ്ടു പേരും കൊല്ലത്ത് ഒരാളുമാണ് രോഗവിമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 374 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 164 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 97,464 നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച 374 പേരിൽ 114 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. എട്ട് പേർ വിദേശികളാണെന്നും മറ്റുള്ളവർ വിദേശത്തുനിന്നും എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 16,475 സാന്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 16,002 ഫലങ്ങളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.