കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്നുപേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. അഴിയൂര്‍ സ്വദേശിയായ 42 കാരനാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുള്ള ആളാണ് ഇയാൾ. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടുപേരില്‍ ഒരാള്‍ മാര്‍ച്ച് 18ന് ദുബായില്‍ നിന്നാണ് നാട്ടിൽ എത്തിയത്. 35 വയസ്സുള്ള ഇദ്ദേഹത്തിന് നാട്ടിലെത്തി ഇരുപത്തിയെട്ട് ദിവസത്തിന് ശേഷമാണ് രോഗം സ്ഥീരികരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രില്‍ 11നു പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടില്‍ തന്നെയുള്ള 19കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരില്‍ ഏഴുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ ഒമ്പതുപേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതു കൂടാതെ രോഗം സ്ഥിരീകരിച്ച നാലു ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്ന് 1167 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവില്‍ 16,240 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന അഞ്ചുപേര്‍ ഉള്‍പ്പെടെ ആകെ 29 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാലുപേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.