Site icon Ente Koratty

ലോക്ക് ഡൗൺ; കേരളത്തിലെ അവസ്ഥ നാളെ അറിയാം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ

കേരളത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാളെ മുഖ്യമന്ത്രി അത് അറിയിക്കുമെന്നും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകൾ കുറഞ്ഞിട്ടുണ്ട്. അത് നമ്മൾ ഒരുമിച്ച് നടത്തിയ പരിശ്രമമാണ്. അത് നല്ലതാണ് പക്ഷേ, കൊറോണ വൈറസ് കേരളത്തിൽ നിന്ന് പൂർണമായും ഇല്ലാതായെന്ന് പറയാറായിട്ടില്ല. കാരണം, സിംഗപ്പൂരിലൊക്കെ ഒന്ന് കുറഞ്ഞിട്ട് വീണ്ടും വന്നിരുന്നു. ഒരാൾ വിട്ടു പോയാൽ, അയാൾ സമൂഹത്തിൽ സഞ്ചരിച്ച് അസുഖം പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ തുടരേണ്ടി വരും. ജില്ലകൾ പൂർണ വിമുക്തമായെന്ന് പറയാറായിട്ടില്ല. പോത്തൻകോട് ആശങ്ക മാറിയിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്തീനും പറഞ്ഞിരുന്നു. കൊവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. 20നു ശേഷം അവശ്യ സേവനങ്ങൾ അനുവദിക്കും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version