Site icon Ente Koratty

സംസ്ഥാനത്ത് മൂന്ന് പേർക്ക് കോവിഡ്; 19 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേർ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ രണ്ടുപേർക്കും പാലക്കാട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. രോഗമുക്തി നേടിയ 19 പേരിൽ 12 പേർ കാസർകോട്ടുകാരാണ്.

ഇതുവരെയായി സംസ്ഥാനത്ത് 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 1,12,183 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. എന്നുകരുതി

നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തില്ല. വൈറസിന്റെ വ്യാപനം എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല.

ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രവാസികളുടെ പ്രശ്‌നമാണ്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹം. പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാണ് ആഗ്രഹം. പ്രവാസികളുടെ കാര്യത്തിൽ സുപ്രീംകോടതി ഇന്ന് നിലപാട് പ്രഖ്യാപിച്ചു. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്ന പ്രവാസികളുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ ലക്ഷ്യമിട്ട് നാല് പൊലീസ് സ്റ്റേഷനുകൾ നാളെ ആരംഭിക്കും. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഇവ.

ജനങ്ങൾ ലോക്ക്ഡൗൺ അവസാനിക്കുകയാണോ എന്ന പ്രതീതിയിലെത്തിയോ എന്നു സംശയമുണ്ട്. ഇന്ന് കൂടുതലായി ജനങ്ങൾ പുറത്തിറങ്ങി. വിഷുത്തലേന്ന് ആയതിനാലാവാം, വടക്കൻ കേരളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഒരു കാരണവശാലും കൂടിച്ചേരലും ജനങ്ങളുടെ ഇടപഴകലും പൊതുസ്ഥലത്തെ തിരക്കും അനുവദിക്കാനാവില്ല. ഡയാലിസിസ് രോഗികളെ ആശുപത്രിയിലും തിരികെയുമെത്തിക്കുന്നതിൽ സന്നദ്ധ സേവകരുടെ സേവനം ഉറപ്പാക്കും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതായും അതിർത്തി കടക്കുന്നതായും വാർത്തകൾ വരുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വിഷു, അംബേദ്കർ ജയന്തി ആശംസകളോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളം ആരംഭിച്ചത്. നാളെ വിഷുവും അംബേദ്കർ ജയന്തിയുമാണ്. ദിനരാത്രങ്ങൾ ഒരേദൈർഘ്യത്തോടെയാവുന്ന ദിവസമാണ് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനമായ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതക്കുവേണ്ടി, സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാന നായകനാണ് ഡോ. അംബേദ്കർ. ഭരണഘടനയിൽ സമഭാവനയുടെ അംശങ്ങൾ ഉൾച്ചേർക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ജാതിക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ തുല്യതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അംബേദ്കറിന്റെ 130-ാം ജന്മദിനം വന്നുചേരുന്നതിൽ അതിന്റേതായ ഔചിത്യമുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version