Site icon Ente Koratty

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍: തീരുമാനം മറ്റന്നാള്‍

സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. കേന്ദ്രനിര്‍ദ്ദേശം ഇതുവരെ പുറത്ത് വരാത്തതിനാലാണ് ഇന്ന് തീരുമാനമെടുക്കാതിരുന്നത്. ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഹോട്ട് സ്പോട്ട് ആയ ജില്ലകളില്‍ ഇപ്പോഴുള്ള നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരണമെന്നാണ് സര്‍ക്കാരിലുള്ള ധാരണ. മറ്റ് ജില്ലകളില്‍ ചില ഇളവുകള്‍ നല്‍കണമെന്ന അഭിപ്രായവും സര്‍ക്കാര്‍ തലത്തിലുണ്ട്.

എന്നാല്‍ ലോക്ക് ഡൌണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണയായെങ്കിലും കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വന്ന ശേഷം മറ്റന്നാള്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്നത്തെ മന്ത്രിസഭായോഗം തൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച വേണ്ട. യാത്രകള്‍ക്കുള്ള നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍. ജില്ലകള്‍ വിട്ടുള്ള യാത്ര ചിലയിടങ്ങളില്‍ കാണുന്നുണ്ട്. അതുകൊണ്ട് ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version