തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ കഴിയുകയില്ല. ഇതരസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പൂര്‍ണമായി ആശ്വാസം ലഭിക്കുകയുളളൂ. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഇതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ് സംശയം ഉളളവരെ മുഴുവന്‍ ക്വാറന്റൈന് ചെയ്യാന്‍ സാധിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉളളവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കി. എങ്കിലും കോണ്ടാക്ട് ട്രേസിങ്ങില്‍ ഒരു കണ്ണി വിട്ടുപോകാം. അതില്‍ നിന്ന് കുറച്ച് കേസുകള്‍ ഉണ്ടാകാനുളള സാധ്യത തളളി കളയാന്‍ സാധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ സംസ്ഥാനത്തു ൨ പേർക്കാണ് രോഗം സ്ഥീരീകരിച്ചതു ൩൯ പേർക്ക് രോഗമുക്തരായി.