Site icon Ente Koratty

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ കര്‍ശന നടപടിക്ക്

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യു.എ.ഇ. ഇത്തരം രാജ്യങ്ങളുമായുള്ള സഹകരണവും തൊഴിൽ ബന്ധവും പുന:പരിശോധിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണ് വിവരം പുറത്തുവിട്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ഇതോടെ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്.

ഇന്ത്യ ഉൾപ്പെടെ ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമർശിക്കാതെയാണ് യു.എ.ഇയുടെ പ്രസ്താവന. ഭാവിയിൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതും ക്വാട്ട സംവിധാനത്തിൽ മാറ്റം വരുത്തുന്നതും യു.എ.ഇയുടെ സജീവ പരിഗണനയിലാണെന്ന് റിപ്പോർട്ട് പറയുന്നു. അതാത് രാജ്യങ്ങളുമായി തൊഴിൽ മന്ത്രാലയം രൂപപ്പെടുത്തിയ ധാരണാപത്രം റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാരെ വെട്ടിക്കുറക്കാനോ അവധിയിൽ പ്രവേശിപ്പിക്കാനോ ആവശ്യമെങ്കിൽ പിരിച്ചുവിടാനോ ഉള്ള അവകാശം സ്വകാര്യ മേഖലക്ക് യു.എ.ഇ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ മടങ്ങി പോകാൻ നിർബന്ധിതരായവരെ തിരിച്ചു കൊണ്ടു പോകാൻ ചില രാജ്യങ്ങൾ വിസമ്മതിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ യു.എ.ഇ തീരുമാനിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടു പോവുക എന്നത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യോമയാനം ഉൾപ്പെടെ യു.എ.ഇയിലെ വിവിധ വകുപ്പുകൾ ഇതിനു വേണ്ട മാനുഷിക പിന്തുണ നൽകാനും തീരുമാനിച്ചിരുന്നു. പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സർവീസ് നടത്താൻ എമിറേറ്റ്സ് എയർലെൻസിനും അനുമതി നൽകിയിരുന്നു. എന്നാൽ യാത്രാവിമാന സർവീസുകൾ പുനരാരംഭിക്കുന്നതു വരെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ പറ്റില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ബന്ധപ്പെടുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. യു.എ.ഇയുടെ തീരുമാനം വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു.

Exit mobile version