Site icon Ente Koratty

കാസര്‍കോട് 11 പേര്‍ കൂടി ആശുപത്രി വിട്ടു; ഇന്നലെ കോവിഡ് ബാധിച്ചത് രണ്ട് കുട്ടികള്‍ക്ക്

കാസര്‍കോട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 35 ആയി.

കോവിഡ് 19 രോഗബാധിതരായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് ജില്ല കേട്ടത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നതും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു.

ഇന്നലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് കു‍ഡ്‌ലുവിലെ പത്തും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് ജില്ലയില്‍ സ്ഥാപിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ഒന്നര മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി യാഥാര്‍ത്ഥ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 540 ബെഡും ഐസോലേഷന്‍ വാര്‍ഡുകളും ഐസിയുവും അടക്കമുള്ള സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് ടാറ്റാ ഗ്രൂപ്പ് ഒരുക്കുന്നത്.

Exit mobile version