കോവിഡ് മുക്ത ജില്ലയായി ഇടുക്കി. ചികിത്സയിലായിരുന്ന നാല് പേരുടെയും രോഗം ഭേദമായതോടെ ഇവർ ആശുപത്രി വിട്ടു. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാസ്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു.
ശുഭകരമായ വാർത്തയാണ് ഇടുക്കി ജില്ലയിൽ നിന്നുണ്ടായത്. ചെറുതോണിയിലെ കോൺഗ്രസ് നേതാവിന്റെ സുഹൃത്തായ ചുരുളി സ്വദേശിയുടെ 70കാരിയായ അമ്മ, 10 വയസുകാരൻ മകൻ, നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുമ്മംകല്ല് സ്വദേശി എന്നിവരാണ് കോവിഡ് രോഗവിമുക്തി നേടിയത്. എല്ലാവരുടെയും അവസാന പരിശോധനാ ഫലം നെഗറ്റീവ് ആയി.
മൂന്നാറിൽ എത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പടെ 10 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. 9 പേരും ഇടുക്കി മെഡിക്കൽ കോളജിലേയും തൊടുപുഴ ജില്ലാ ആശുപത്രിയിലേയും ചികിത്സയിലൂടെയാണ് രോഗമുക്തരായത്. ജില്ലയിലെ മുഴുവൻ ജനങ്ങളും വരും ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ജില്ലയിൽ 4371 പേരാണ് നിരീക്ഷണത്തിലുള്ളത്. 43 പരിശോധനാ ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്.