തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1. മൂന്നു പേർ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേർക്കു സമ്പർക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേർക്ക്. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര്‍ ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,163 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കോവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം ആശുപത്രിയിൽ കുഞ്ഞ് പിറന്നു.
ഹോട്ട്സ്പോട്ടുകളുള്ള ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരണം. മറ്റുള്ള ജില്ലകളിൽ ഇളവുകൾ അനുവദിക്കാൻ സംസ്ഥാനത്തെ അനുവദിക്കണം. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം. 3 മാസത്തേക്ക് അവർക്ക് ധനസഹായം അനുവദിക്കണം. വിവിധ രാജ്യങ്ങളിൽ പ്രയാസം അനുവദിക്കുന്ന പ്രവാസികൾക്ക് സഹായം എത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണം.
ഹ്രസ്വകാല സന്ദർശത്തിന് പോയവരും വിസിറ്റിങ് വിസയിൽ പോയവരും വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അനുവദിക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3 മാസത്തേക്കെങ്കിലും ധനസഹായം നൽകണം. 3 മാസത്തേക്ക് കേരളത്തിന് 6,45000 അരിയും 54,000 ടൺ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇതെത്തിക്കണം. കടമെടുപ്പിന്റെ പരിധി ഉയർത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.