വാഷിംഗ്ടൺ: കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ. സ്രവ സാമ്പിളുകള്‍ ശേഖരിച്ചുള്ള PCR ടെസ്റ്റാണ് നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും നടത്തിവരുന്നത്. എന്നാൽ ഈ ടെസ്റ്റ് വഴി വൈറസ് സാന്നിധ്യം കണ്ടെത്തുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നാണ് മിനെസ്റ്റോ മായോ ക്ലീനികിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്ത് കുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
‘ചുമ, തുമ്മൽ അല്ലേങ്കിൽ മറ്റേതെങ്കിലും തരത്തിൽ രോഗി എത്രമാത്രം വൈറസ് പരത്തുന്നു, പരിശോധന ഏത് രീതിയിലാണ് നടന്നത്, സ്രവങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ ശേഖരിച്ചത് തുടങ്ങിയ വിവരങ്ങളൊക്കെ ഇതിനെ സ്വാധീനിക്കുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ നാലുമാസമായി മാത്രമാണ് ഈ വൈറസ് മനുഷ്യർക്കിടയ്ക്കിയിൽ വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ പരിശോധനയുടെ വിശ്വാസ്യത സംബന്ധിച്ചുള്ള പഠനങ്ങളൊക്കെ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രിയ കൂട്ടിച്ചേർത്തു.
യുഎസിലെ കോവിഡ് പരിശോധനയ്ക്ക് വ്യാപക സൗകര്യങ്ങൾ ഉണ്ടായിട്ടും അവിടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ കൂടിയാണ് വിദഗ്ധർ ഇത്തരമൊരു ആശങ്ക പങ്കു വച്ചിരിക്കുന്നത്. വൈറസിന്റെ സംവേദനക്ഷമതയെപ്പറ്റിയുള്ള ചില റിപ്പോർട്ടുകൾ നേരത്തെ ചൈന പുറത്തു വിട്ടിരുന്നു. വൈറസ് ബാധിതനായ ഒരാളുടെ പരിശോധനഫലം പോസിറ്റീവ് ആകാൻ 60 മുതൽ 70% വരെ സാധ്യതകൾ ആണ് ഉള്ളതെന്നായിരുന്നു ഇവരുടെ റിപ്പോർട്ട്.
വിവിധ കമ്പനികൾ ഇപ്പോൾ കുറച്ച് വ്യത്യസ്തമായ പരിശോധന രീതികളൊക്കെ കൊണ്ടുവരുന്നുണ്ട്.അതുകൊണ്ട് തന്നെ ആഗോളതലത്തിലുള്ള സാധ്യതകൾ പ്രവചിക്കുക സാധ്യമല്ല. വൈറസ് തിരിച്ചറിയാൻ 90% സാധ്യതകൾ ഉണ്ടെന്ന് കരുതിയാൽ പോലും നിലവിൽ പരിശോധിക്കപ്പെടുന്ന ആളുകളുടെ കണക്ക് വച്ച് നോക്കിയാൽ അതും ഒരു വെല്ലുവിളി തന്നെയാണെന്നാണ് പ്രിയ വാദിക്കുന്നത്. ‘കാലിഫോർണിയയിൽ മെയ് പകുതിയോടെ അൻപത് ശതമാനമോ അതിൽ കൂടുതലോ ആളുകള്‍ കോവിഡ് ബാധിതരാകും.. നാൽപ്പത് ദശലക്ഷം ആളുകളുള്ള സ്ഥലത്ത് ഒരു ശതമാനം ആളുകളെ പരിശോധിച്ചാൽ പോലും അതിൽ 20000 റിസൾട്ടുകൾ തെറ്റായിരിക്കുമെന്ന് വേണം പ്രതീക്ഷിക്കേണ്ടത്’ ഇവർ പറയുന്നു.
അതുകൊണ്ട് തന്നെ ടെസ്റ്റുകള്‍ക്ക് പുറമെ രോഗിക്കുള്ള ലക്ഷണങ്ങൾ, രോഗം പ്രകടമാക്കുന്നതിനുള്ള സാധ്യതകൾ, ഇമേജിംഗ് മറ്റ് ലാബ് വർക്കുകൾ എന്നിവ കൂടി കണക്കിലെടുത്ത് രോഗനിർണ്ണയം നടത്തുക എന്നത് നിർണായകമാണ്. വൈറസ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അത് കൃത്യം എവിടെയാണെന്ന് കണ്ടുപിടിക്കുകയാണ് ഏറ്റവും പ്രയാസം. മൂക്കിനുള്ളിൽ നിന്ന് സ്രവം എടുത്തുള്ള പരിശോധന അതിന്റെ നടപടക്രമങ്ങൾ കൃത്യമായി അറിയുന്നവർ തന്നെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ പരിശോധനഫലം വിപരീതമായിരിക്കും. എന്നാൽ ചില അവസരങ്ങളിൽ കൃത്യമായ തന്നെ എല്ലാം നടത്തിയാലും പരിശോധന ഫലം കൃത്യമാകണമെന്നില്ല.