Site icon Ente Koratty

കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. ഇതുവരെ 1,01,469 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 16,74,854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,71,858 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് ബാധിച്ച് ഇന്ന് മാത്രം 5,777 പേരാണ് ലോകത്ത് മരിച്ചത്. ഇന്ന് 71,202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. ഇന്ന് മാത്രം 987 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 13,197 ആയി. 980 പേര്‍ കൂടി മരിച്ചതോടെ ബ്രിട്ടനിലെ മരണസംഖ്യ 8958 ആയി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റി.

ജര്‍മനിയില്‍ മരണസംഖ്യ 2607 ആയപ്പോള്‍ ഇറാനിലേത് 4232 ആയി. 122 പേരാണ് ഇന്ന് ഇറാനില്‍ മരിച്ചത്. നെതര്‍ലന്റ്‌സിലും ബെല്‍ജിയത്തിലും സ്ഥിതി വഷളാവുകയാണ്. നെതര്‍ലന്റ്‌സില്‍ 2511ഉം ബെല്‍ജിയത്തില്‍ 3,019 പേരും മരിച്ചു. സ്വിറ്റ്‌സര്‍ലന്റില്‍ 1001 പേരും തുര്‍ക്കിയില്‍ 1006 പേരും പോര്‍ച്ചുഗലില്‍ 435 പേരും മരിച്ചു. ചൈനയിലെ മരണസംഖ്യ 3,336 ആണ്. ബ്രസീലിലെ മരണസംഖ്യ 974 ആയി ഉയര്‍ന്നപ്പോള്‍ സ്വീഡനില്‍ 870 പേര്‍ മരിച്ചു. ഇന്തോനേഷ്യ 306, ഓസ്ട്രിയ 319, ഫിലിപ്പൈന്‍സ് 221, ഡെന്‍മാര്‍ക്ക് 247, ജപ്പാന്‍ 99, കാനഡ 531, ഇറാഖ് 70, ഇക്വഡോര്‍ 297 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ചൈനയില്‍ ലക്ഷണം പ്രകടിപ്പിക്കാത്ത കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചൈന പരിശോധന കര്‍ശനമാക്കി. റഷ്യയില്‍ രാജ്യാതിര്‍ത്തികള്‍ അടയ്ക്കാനും സാമൂഹ്യ അകലം പാലിക്കാനും പ്രസിഡന്റ് വല്‍ഡ്മിര്‍ പുടിന്‍ കര്‍ശന നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം തടയുന്നതിന്, ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ല അടച്ചു. ഒരു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ദക്ഷിണ കൊറിയയില്‍ തുടര്‍ച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 27 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.

Exit mobile version