Site icon Ente Koratty

കൊറോണയെ കീഴടക്കാൻ പ്ലാസ്മാ ചികിത്സ; ശ്രീചിത്രയ്ക്ക് പരീക്ഷണാനുമതി

തിരുവനന്തപുരം: കോവിഡിനെതിരെ പ്ലാസ്മാ ചികിത്സാ പരീക്ഷണം നടത്താനുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിർദേശത്തിന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ.) അനുമതി നൽകി. രോഗവിമുക്തനായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണ ചികിത്സ.

ചൈനയിലും അമേരിക്കയിലും ഇത് ഫലം കണ്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഈ ചികിത്സയ്ക്ക് അനുമതിയായിട്ടുണ്ട്. പരീക്ഷണത്തിനുള്ള ശ്രീചിത്രയുടെ നിർദേശം സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി പരിശോധിച്ചശേഷം ഐസിഎംആറിന്റെ അനുമതിക്ക് സമർപ്പിക്കുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. അനൂപ്കുമാറും ശ്രീചിത്രയുടെ പഠനത്തിൽ പങ്കുചേരും.

എന്താണ് പ്ലാസ്മാ ചികിത്സ?
കോവിഡിൽനിന്ന് പരിപൂർണമായി മുക്തിനേടിയ ആളുടെ രക്തത്തിൽ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങൾ ഉണ്ടാകും. പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക. രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയിൽനിന്ന് വേർതിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കൺവാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്.

ഇനിയും വേണം ചില ഇളവുകൾ
ഐസിഎംആറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ക്ലിനിക്കൽ പഠനത്തിന് രക്തം ശേഖരിക്കാൻ ചില ഇളവുകൾകൂടി നേടേണ്ടതുണ്ട്. ഇതിനായി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. കൂടാതെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എത്തിക്സ് കമ്മിറ്റിയുടെ അനുമതികൂടി ഈ പഠനത്തിനുവേണം. പ്ലാസ്മ ചികിത്സ നൽകുന്നത് രോഗികളുടെ അറിവോടെയും സമ്മതത്തോടെയും ആണോ, രോഗിയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് എത്തിക്സ് കമ്മിറ്റി വിലയിരുത്തുക. ഈ അനുമതികൾകൂടി ലഭിച്ചാൽ ശ്രീചിത്രയ്ക്ക് പഠനവുമായി മുന്നോട്ടുപോകാം.

Exit mobile version