Site icon Ente Koratty

പ്രായം വഴിമാറി, വൈറസ് തോറ്റു; ഇറ്റലിയില്‍ കോവിഡിനെ ജയിച്ച് 104 വയസ്സുകാരി

റോം∙ കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽനിന്നൊരു ശുഭവാർത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം മാറിയതാണ് ഇറ്റലിയിലെ ജനങ്ങൾക്കു പ്രതീക്ഷ നൽകുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത അവർ പറഞ്ഞത് ഇങ്ങനെ– ‘ധൈര്യവും വിശ്വാസവുമാണു രോഗത്തിൽനിന്നു മുക്തി നേടുന്നതിനു സഹായിച്ചത്. എനിക്ക് ഇപ്പോൾ സുഖമുണ്ട്. ഞാനിപ്പോൾ ടിവി കാണുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. എനിക്ക് കുറച്ചു പനിയുണ്ടായിരുന്നു.

രോഗം ബാധിച്ചവർ കരുത്തോടെയിരിക്കണമെന്നും അവർ ഉപദേശിക്കുന്നു. നൂറ് വയസ്സു പിന്നിട്ടവർ ഏറെയുള്ള യൂറോപ്യൻ രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാൻസും. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ച ഇറ്റലിയുടെ രോഗ പ്രതിരോധത്തില്‍ പുതിയ പ്രതീക്ഷ 104 വയസ്സു പ്രായമുള്ള മുത്തശ്ശിയുടെ അതിജീവനമാണ്. രോഗബാധയുണ്ടായതിനെ തുടർന്ന് ആഡ സനുസോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാർല ഫർണോ മാർകേസ് പറയുന്നു. അവർ എല്ലായ്പ്പോഴും ഉറക്കത്തിലായിരുന്നു. പ്രതികരിക്കുന്നുമുണ്ടായിരുന്നില്ല.

ഒരിക്കൽ അവർ കണ്ണു തുറന്നു. പിന്നീടു കാര്യങ്ങൾ സാധാരണ പോലെയായി. ഇരിക്കുകയും കിടക്കവിട്ട് ഇറങ്ങുകയും ചെയ്തു– കാർല ഫർണോ മാർകേസ് വാർത്താ ഏജൻസിയായ അസോസ്യേറ്റഡ് പ്രസിനോടു പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങളുമായി തുടങ്ങുന്ന കോവിഡ് 19 രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപെടുന്നുണ്ട്. പക്ഷേ പ്രായമായവരിൽ രോഗം ഗുരുതരമാകുന്ന കാഴ്ചയാണു കണ്ടുവരുന്നത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരെ കോവിഡ് കൂടി ബാധിക്കുന്നതാണു പ്രശ്നം ഗുരുതരമാകുന്നത്. ഇറ്റലിയിൽ 18,000 ഓളം പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്താകെ മരണ സംഖ്യ 88,000 കടന്നു. യൂറോപ്പിൽ രോഗം ബാധിച്ചു മരിച്ചതിൽ 95% പേരും 60 വയസ്സു പിന്നിട്ടവരാണ്.

രോഗം മാറിയപ്പോൾ ഒന്നു നടക്കണമെന്നാണ് ആഡ സനൂസോ ഡോക്ടറോട് ആവശ്യപ്പെട്ടത്. തുടർന്നു കൊച്ചു മക്കൾ കളിക്കുന്നതു കണ്ടു. വീണ്ടും പരിശോധനാ ഫലം വരേണ്ടതിനാൽ നിലവിൽ ഐസലേഷനിൽ കഴിയുകയാണ് സനൂസോ. ഇറ്റലിയിലെ വടക്കു കിഴക്കൻ പ്രവിശ്യയായ വെനറ്റോയിലെ ട്രെവീസോയിൽ വളർന്ന ആഡ സനൂസോ, ഏറെക്കാലം ടെക്സ്റ്റെയിൽ വ്യവസായ രംഗത്തു ജോലി ചെയ്തിരുന്നു. പ്രായമായെങ്കിലും കാര്യമായ രോഗങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ലെന്നാണു ‍ഡോക്ടർ പറയുന്നത്. ഇറ്റലിയിലെ നഴ്സിങ് ഹോമുകളിലും മറ്റും താമസിക്കുന്ന പ്രായമായ ജനങ്ങൾ രോഗം മാറി ആരോഗ്യം വീണ്ടെടുക്കുന്നത് ഇറ്റാലിയന്‍ മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. 100 വയസ്സു പിന്നിട്ടിട്ടും രോഗം മാറിയവരെ ഇറ്റലിയിലെ ജനങ്ങളും പ്രതീക്ഷയോടെ കാണുന്നു.

നഴ്സിങ് ഹോമുകളിൽ മരിച്ച പ്രായമായവരിൽ പലരുടേയും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രശ്നങ്ങളുണ്ട്. ഇറ്റലിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഏറെ സമ്മർദങ്ങൾക്കു നടുവിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായമായവര്‍ രോഗത്തെ അതിജീവിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കു കുറച്ചൊന്നുമല്ല ആശ്വാസം നൽകുന്നത്.

Exit mobile version