Site icon Ente Koratty

കേരളത്തിന് പ്രതീക്ഷയായി കോവിഡ് രോഗവിമുക്തര്‍

കോവിഡ് 19 കേസുകളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണമേറുന്നതിന്റെ ആശ്വാസത്തിലാണ് കേരളം. ഇന്ന് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഭേദമായവരുടെ എണ്ണം 13 ആണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതിന്റെ തെളിവായാണ് ഇതിനെ ആരോഗ്യവകുപ്പ് കാണുന്നത്.

വയനാട് ജില്ലയില്‍ രണ്ടുപേരും തൃശൂരില്‍ മൂന്നു പേരും തിരുവനന്തപുരത്ത് ഒരാളും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേരും രോഗം മാറി ആശുപത്രി വിട്ടു. കണ്ണൂരില്‍ ഒരാളുടെ പരിശോധനഫലവും നെഗറ്റീവായി. മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ ഭീതിപ്പെടുത്തുന്ന കണക്ക് പുറത്തുവരുമ്പോഴാണ് കേരളത്തിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടാംഘട്ടത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 345 പേര്‍ക്ക്. രണ്ട് മരണം. ഇതുവരെ രോഗവിമുക്തി നേടിയത് 84 പേര്‍. എങ്കിലും വിശ്രമിക്കാറായിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികള്‍ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സംസ്ഥാനത്ത് 1,46,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കാസർകോഡ് കണ്ണൂർ ജില്ലകളിലാണ് കേരളത്തിൽ ഭൂരിഭാഗം കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ 259 രോഗികളിൽ കാസർകോഡ് 132 ആളുകളും കണ്ണൂർ 49 ആളുകളുമാണ് രോഗം ബാധിച്ചു ആശുപത്രികളിലുള്ളത്. ബാക്കി 12 ജില്ലകളിലെ കണക്കെടുത്താൽ 78 പേരെ ഉള്ളു.

Exit mobile version