കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്ക് മംഗളൂരു ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയാണ് രോഗിക് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ആരോപണം.
തലപ്പാടി അതിര്‍ത്തി വഴി കേരളത്തില്‍ നിന്നുള്ള രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഇന്നുച്ചയോടെയാണ് കടത്തിവിട്ടത്. ലോക്ക്ഡൌണോടെ അടഞ്ഞ് കിടന്ന തലപ്പാടി അതിർത്തി വഴി 16 ദിവസത്തിന് ശേഷമാണ് ഒരു ആംബുലൻസ് രോഗിയുമായി മംഗളൂരുവിലേക്ക് പ്രവേശിച്ചത്. കാസർകോട് തളങ്കര സ്വദേശിനി തസ്ലീമയേയാണ് ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിന് ശേഷം ഇന്ന് ഉച്ചയോടെയാണ് ആദ്യ രോഗിയെ മംഗളൂരുവിലേക്ക് കടത്തിവിട്ടത്. പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ രേഖ അനുസരിച്ച പരിശോധിച്ച ശേഷം രോഗിയെ കടത്തിവിടുകയായിരുന്നു.
തലപ്പാടി അതിർത്തിയിൽ നിയോഗിച്ച കേരള മെഡിക്കൽ സംഘം രോഗിയുടെ ചികിത്സ സംബന്ധമായ രേഖകൾ പരിശോധിച്ച് സാക്ഷ്യ പത്രം നൽകി. ഇവ കർണാടകയുടെ മെഡിക്കൽ ടീം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവാൻ അനുവദിക്കുകയായിരുന്നു.
രോഗിക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. കൂടാതെ കാസർകോട് ചികിത്സാ സൌകര്യമില്ലാത്തതും കണ്ണൂരിലേക്ക് പോവാൻ കഴിയാത്തതുമായ രോഗിയാണെന്ന് കൂടി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. ഈ സാക്ഷ്യപത്രം പരിശോധിച്ച ശേഷമാവും കർണാടകയുടെ മെഡിക്കൽ ടീം യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. ആംബുലൻസ് വഴി അതിർത്തിയിലെത്തുന്ന രോഗികൾക്ക് സാക്ഷ്യപത്രം നൽകുന്നതിന് 24 മണിക്കൂറും തലപ്പാടിയിൽ മെഡിക്കൽ സംഘത്തിന്റെ സേവനം സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.
മാര്‍ച്ച് 24ന് രാജ്യത്താകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കര്‍ണാടക തലപ്പാടി അതിര്‍ത്തി വഴി ആംബുലൻസുകളുടെ യാത്ര തടഞ്ഞത്. അതിര്‍ത്തി വഴി ആംബുലന്‍സുകളെ പോലും കടത്തിവിടാത്തതോടെ ചികിത്സ ലഭിക്കാതെ ജില്ലയിൽ 12 പേർക്ക് ജീവൻ നഷ്ടമായി.