ദേവികുളം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ സമ്പൂർണ ലോക്ക്ഡൗണിലേക്ക്. നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നും ആളുകൾ കാൽനടയായും മറ്റും എത്തുന്നുണ്ട്.
പലപ്പോഴും ആളുകളെ നിയന്ത്രിക്കാൻ കഴിയാത്തത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
ഏപ്രിൽ ഒമ്പതാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൂന്നാർ മേഖലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുന്നതാണ്. അവശ്യസാധനങ്ങൾ വാങ്ങേണ്ടവർ രണ്ടു മണിക്കുള്ളിൽ സാമൂഹിക അകലം പാലിച്ച് കടകളിൽ എത്തി സാധനങ്ങൾ വാങ്ങേണ്ടതാണ്.
ലോക്ക്ഡൗൺ തീരുന്നതു വരെ മുതിർന്ന പൗരൻമാരും കുട്ടികളും വീടിനു പുറത്തിറങ്ങാൻ പാടില്ലാത്തതാണ്. കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്ക് എതിരെ പൊലീസ് കേസെടുക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം വീടിനു പുറത്തിറങ്ങാവുന്നതാണ്. പൊലീസിനെ ആവശ്യം ബോധിപ്പിക്കേണ്ടതുമാണ്.