Site icon Ente Koratty

കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ്

തിരുവനന്തപുരം ∙ ഇന്നു സംസ്ഥാനത്ത് 9 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർ. നാലു പേർ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിലൂടെ 2 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. ഇന്ന് 13 കേസുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 345 പേർക്കാണു രോഗം, 259 പേർ ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കും. കാസർകോട് അതിർത്തിയിൽ സജീവമായി ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ട്. കോവിഡ‍് സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.

അമേരിക്കയിൽ ഉൾപ്പെടെ നിരവധി മലയാളികൾ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ നടത്താം.– മുഖ്യമന്ത്രി പറഞ്ഞു.

‌അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു.

Exit mobile version