നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 5 കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. 11 പേരാണ് ജിലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിൽ കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ച ആറു പേരിൽ 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനത്തിൽ പങ്കെടുത്ത 11 പേരിൽ ആകെ 9 പേരുടെ പരിശോധനാഫലമാണ് പുറത്തു വന്നിരിക്കുന്നത്.
അതേ സമയം, ചുണ്ടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
ഇന്നലെ ജില്ലയിൽ ഒരാൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലമേൽ കൈതോട് സ്വദേശിയായ 52 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പോയി മടങ്ങിയെത്തിയതാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ ഇയാൾക്കൊപ്പം ഭാര്യയും പങ്കെടുത്തിരുന്നു. ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. കുടുംബത്തിലെ മറ്റ് അഞ്ച് പേരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ഇവരെ ഗൃഹനിരീക്ഷണത്തിൽ നിലനിർത്തിയിരിക്കുകയാണ്.
അതേ സമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മീയന സ്വദേശിയുടെ കുടുംബത്തിലെ അഞ്ച് പേരെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ രോഗം ഭേദമായ പ്രാക്കുളം സ്വദേശി ഉൾപ്പെടെ എട്ട് പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്വീകരിച്ചത്. ഇതിൽ ഒരാൾ തിരുവനന്തപുരത്ത് ചികിത്സയിൽ ആണ്. നിലവിൽ ആറ് രോഗികൾ ഉൾപ്പടെ 8 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്.