Site icon Ente Koratty

മോദി മഹാനെന്ന് ട്രംപ്

ഇന്ത്യ ഉള്‍പ്പെട്ട മരുന്നു കയറ്റുമതി വിവാദത്തിൽ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കും ആവശ്യം ഉള്ളതുകൊണ്ടാണ് യുഎസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ തടസം വന്നതെന്നാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്.

കോവിഡ് 19 ചികിത്സയ്ക്കായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. പ്രസ്താവന വലിയ ചർച്ച ആയിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ ഇപ്പോൾ ട്രംപ് പിന്തുണച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളെ പുകഴ്ത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പിന്തുണ.

‘മരുന്നിന്റെ ദശലക്ഷക്കണക്കിന് ഡോസുകൾ ഞാൻ വാങ്ങിയിട്ടുണ്ട്. അതിൽ കൂടുതലും എത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു.. ഞാൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു.. മരുന്നുകൾ അയക്കാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു.. മഹാനായ വളരെ നല്ല ഒരു വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയ്ക്കും ആവശ്യം ഉള്ളതുകൊണ്ടാണ് അവർ മരുന്നിന്റെ കയറ്റുമതി നിർത്തി വച്ചത്..’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

Exit mobile version