Site icon Ente Koratty

കോവിഡ് 19 സ്ഥിരീകരിച്ച ന്യൂ മാഹി സ്വദേശിക്ക് നിരവധി പേരുമായി സമ്പർക്കം

കണ്ണൂർ: ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂ മാഹി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം.

അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു.

മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി.

അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകുന്നേരം നാലുമണിക്ക് തലശ്ശേരി കോ-ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

Exit mobile version