സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ നാലു കേസുകള്‍ കാസര്‍കോടും മൂന്നെണ്ണം കണ്ണൂരും കൊല്ലത്തും മലപ്പുറത്തും ഓരോ കോവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചത്. നാലു പേര് വിദേശത്തു നിന്ന് വന്നവരും രണ്ടു പേര് നിസാമുദ്ദീനില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 260 പേരാണ് ചികിത്സയിലുള്ളത്. 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക് ഡൌണ്‍ സംബന്ധിച്ച വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കോവിഡ് ബാധിച്ച സ്റ്റാഫ് നഴ്സ് രോഗം ഭേദമായാൽ തിരിച്ച് ജോലിക്കെത്താമെന്ന് അറിയിച്ചിട്ടുണ്ട്. അത് അഭിമാനകരമാണ്. നഴ്സ്മാര് നമുക്ക് തരുന്ന കരുതലിന്റെ ഉദാഹരണമാണിത്. ആ കരുതല്‍ തിരിച്ചു നല്‍കണം. ഡല്‍ഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച നഴ്സ്മാരെ കുറിച്ച് ഉത്കണ്ഠയുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യ സാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. കൂടുതല്‍ കരുതും. ഭാരത പുഴയിൽ നിന്ന് മണല്‍ കടത്ത് ഉണ്ടാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ നടപടിയെടുക്കും. ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്കി കഴിഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ പരിശോധന വ്യാപകമാക്കും. മത്സ്യ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ വിതരണത്തിൽ നല്ല മുന്നേറ്റം ഉണ്ട്. റേഷന്‍ ഷോപ്പിൽ ലഭിച്ച അരിയില്‍ കുറവുണ്ടായെന്ന പരാതി ഉണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് നിര്‍ദേശിച്ചു. സ്റ്റോക് കുറവിന് പരിഹാരം കാണും. മൃഗശാലകള്‍ അണുവിമുക്തമാക്കും. വളര്‍ത്ത് മൃഗങ്ങളുടെ കൂടുകള്‍ അണുവിമുക്തമാക്കണം. ഇത് വീട്ടുകാര്‍ ശ്രദ്ധിക്കണം. കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് പ്രശ്നങ്ങളുണ്ട്. മറ്റു ചില ഇടങ്ങളില്‍ അത് മത്സര സ്വഭാവത്തിലേക്ക് മാറുന്നതായും ശ്രദ്ധയില്‍പ്പെട്ടു. പത്തനംതിട്ടയിൽ 9 സമാന്തര കിച്ചണുകള്‍ നടത്തുന്നതായി പരാതി ലഭിച്ചു. മത്സരമായി കാണേണ്ട കാര്യമില്ല. ആവശ്യത്തിനനുസരിച്ചാണ് ചെയ്യേണ്ടത്. തദ്ദേശ സ്വയംഭരണത്തിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. മരുന്ന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്, വാര്‍ത്തകൊടുക്കുന്നതോടൊപ്പം പ്രധാന പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കുക കൂടി വേണം. അട്ടപ്പാടിയിലെ പ്രശ്നം ഗൌരവമായി കാണുന്നു. അയല്‍ സംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്കി. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കും. വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങള്‍ തുറക്കും. സ്പെയര്‍ പാര്‍ട്സ് കടകളും ഈ ദിവസങ്ങളില്‍ തുറക്കും. ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് രജിസ്റ്റേഡ് ഇലക്ട്രീഷ്യന്മാര്ക്ക് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.