ജനീവ∙ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തിൽ ലോകം നേരിടുന്നത് 60 ലക്ഷം നഴ്സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന.ഏതൊരു ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സുമാർ, കോവിഡ് 19 നെതിരായ യുദ്ധത്തിൽ മുന്നണിപോരാളികളാണ് അവർ. ലോകത്തിന്റെ ആരോഗ്യം നിലനിർത്താൻ അവർക്കും ആ പിന്തുണ നമ്മളിൽ നിന്നും ലഭിക്കേണ്ടതുണ്ട്. – ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പ്രസ്താവനയിൽ പറഞ്ഞു.
കണക്കുകൾ പ്രകാരം നിലവിൽ 28 ലക്ഷം നഴ്സുമാരാണ് നമുക്കുള്ളത്. ഏതാനും വർഷങ്ങളിലായി 4.7 ലക്ഷം നഴ്സുമാരുടെ വർധനയുണ്ടായെന്നതു വാസ്തവമാണ്. എന്നിരുന്നാലും 60 ലക്ഷത്തോളം നഴ്സുമാരുടെ കുറവുണ്ട്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്സുമാരുടെ കുറവ് പ്രകടമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകജനസംഖ്യയുടെ 50 ശതമാനം പേരേ മാത്രമേ നിലവിലുള്ള നഴ്സുമാർക്ക് പരിചരിക്കാനാകൂ. ഇതിനാൽ തന്നെ കൂടുതൽ പേർ ഈ മേഖലയിലേക്കു കടന്നു വരേണ്ടത് അനിവാര്യമാണ്. നഴ്സുമാരുടെ സേവനം കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായതിനാൽ നഴ്സിങ് മേഖലയിലും നഴ്സിങ് വിദ്യാഭ്യാസ മേഖലയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ രാജ്യങ്ങൾ തയാറാകണമെന്നും ടെഡ്രോസ് അദാനം പറഞ്ഞു.