Site icon Ente Koratty

കുരങ്ങു പനി ബാധിച്ച് ആശുപത്രിയിലെത്തിച്ചു; നടന്നത് കൊറോണ പരിശോധന മാത്രം; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പെൺകുട്ടി

വയനാട്ടിൽ കുരങ്ങു പനി ബാധിച്ച കാട്ടിക്കുളം സ്വദേശിയായ യുവാവിന് ചികിത്സ വൈകിയതായി പരാതി.സഹായ അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രിക്ക് യുവാവിന്റെ ക്വാറന്റീനിൽ കഴിയുന്ന സഹോദരിയുടെ പരാതി. കുരങ്ങു പനി സ്ഥിരീകരിച്ച യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാട്ടിക്കുളം സ്വദേശിയായ യുവാവിനെ കടുത്ത പനിയെ തുടർന്നായിരുന്നു മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.  നാല് ദിവസം അവിടെ ചികിത്സയിൽ കിടന്നെങ്കിലും കൊറോണ പരിശോധനകൾ മാത്രമാണ് നടന്നത്. മറ്റ് വിദഗ്ദ പരിശോധനകൾ കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ജില്ലാ ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല. തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം സഹോദരൻ ഗുരുതര അവസ്ഥയിലാണെന്നും മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും അറിയിച്ചു. വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും അസൗകര്യം പറഞ്ഞതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങളുമായി എത്തുന്നവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണമാണ് ഇതോടെ യുവാവിന്റെ കുടുംബം ഉയർത്തുന്നത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ കാത്തിരുന്നതിനാലാണ് യുവാവിന് രോഗം മൂർച്ഛിച്ചത്. ഈ ഗുരുതര വീഴ്ചയക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് യുവതി ആരോഗ്യമന്ത്രിക്ക് പരാതി അയച്ചത്. ജില്ലയിൽ ഇതിനോടകം നാല് പേർ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.

Exit mobile version