Site icon Ente Koratty

കോവിഡ് 19; ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്. സംമൂഹ വ്യാപനം തടയാനായി : മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധ സംബന്ധിച്ച വിവരം. ഇതില്‍ കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശി വിദേശത്തു നിന്ന് എത്തിയയാളാണ്. കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച ആറു പേര്‍ വിദേശത്തു നിന്ന് എത്തിയവരും മൂന്നു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സംസ്ഥാനത്ത് 266 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേര്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് മൂന്നു പേരുടെ രോഗം ഭേദമായി.

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 200 കിടക്കകളും 10 ഐ.സി.യുവും തയ്യാറാക്കി. 100 കിടക്കയും പത്ത് ഐ.സി.യുവും കൂടി ക്രമീകരിക്കും. കൂടുതല്‍ സൌകര്യമൊരുക്കുന്നതിന് കെ.എസ്.ഇ.ബി പത്ത് കോടി രൂപ നല്‍കും. തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘം ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഈ സംഘം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കും. 81.45 ശതമാനത്തിലധികം പേര്‍ സൌജന്യ റേഷന്‍ ഇതിനകം വാങ്ങിക്കഴിഞ്ഞു. ചെറിയ ദിവസത്തിനുള്ളില്‍ ഇത്രയും റേഷന്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. റേഷന്‍ വിതരണം സംബന്ധിച്ച് ചില ഒറ്റപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു. ചിലര്‍ ബോധപൂര്‍വം പരാതി പറയുന്നു. ഇത്തരം പ്രചാരങ്ങള്‍ തെറ്റാണെന്ന് എല്ലാവരും പറയുന്നു. ചലച്ചിത്ര നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു റേഷന്‍ വാങ്ങിയ ശേഷം നടത്തിയ അഭിപ്രായ പ്രകടനം പ്രചാരണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ്. അവരുമായി സംസാരിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാറ്റങ്ങള്‍ വേണ്ടത് ചര്‍ച്ച ചെയ്തു. എം.എല്‍.എമാര്‍ ജില്ലാ കലക്ടറേറ്റില്‍ എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

പ്രവാസ ലോകത്തെ കുറിച്ച് നാമെല്ലാവരും ആശങ്കയിലാണ്. മലയാളികള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്നു. അവരെ സഹായിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി സംസാരിച്ചു. 22 രാജ്യങ്ങളിലുള്ള 30 പ്രവാസി മലയാളികളുമായി സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചയായി. എല്ലാ പ്രശ്നങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽപെടുത്തേണ്ട കാര്യങ്ങളും അവര്‍ സംസാരിച്ചു. പ്രവാസി സമൂഹവുമായി കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. കോവിഡ് രോഗബാധയോ സംശയമോ ഉള്ള പ്രവാസികള്‍ക്ക് ആവശ്യമായ കോറന്റൈന്‍ സംവിധാനം ഉറപ്പാക്കല്‍ ആവശ്യമായി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മലയാളികളുടെ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കേണ്ട ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം, ചെലവ് എന്നിവയെ പറ്റി പ്രത്യേക അവലോകനം നടത്തും. ഇത് പ്ലാനിങ് കമ്മിറ്റി വിലയിരുത്തും. പ്രത്യേക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്ക് നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version