സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്കു പരിഹാരവുമായി സര്‍ക്കാര്‍. ക്ഷീര കര്‍ഷകരുടെ കൈയില്‍നിന്നു മില്‍മ സംഭരിക്കുന്ന പാലില്‍ കുറച്ച് തമിഴ്നാടിന് പാല്‍പ്പൊടിയുണ്ടാക്കാന്‍ കൈമാറുമെന്നും ബാക്കി കേരളത്തില്‍ തന്നെ ചെലവഴിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാൽ ചിലവാകുന്നില്ല. പ്രതിദിനം 1.8 ലക്ഷം ലിറ്റര്‍ പാല് മിച്ചമായി വരുന്ന സാഹചര്യമുണ്ടാകുന്നു. കേരളത്തില്‍ മിച്ചം വരുന്ന പാല് തമിഴ്നാട്ടില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് അനുകൂല മറുപടി ലഭിച്ചു. പ്രതിദിനം 50,000 ലിറ്റര്‍ പാല് ഈറോഡുള്ള ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷന് അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പാല് സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
തമിഴ്നാട്ടിലേക്ക് അയച്ചാലും മില്‍മയുടെ കൈയില്‍ വീണ്ടും പാല് സ്റ്റോക്കുണ്ട്. വ്യാഴാഴ്ച മുതല്‍ മില്‍മയുടെ പാല് സംഭരണം വര്‍ധിക്കും. ഇതിനു പരിഹാരമെന്ന നിലയില്‍ പാല് കൂടുതല്‍ വാങ്ങാന്‍ ആളുകള്‍ ശ്രദ്ധിച്ചാല്‍ അത് ക്ഷീര കര്‍ഷകര്‍ക്ക് വലിയ സഹായമാകുമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഇനിയും മിച്ചം വരുന്ന മില്‍മയുടെ കൈവശമുള്ള പാല് കണ്‍സ്യൂമര്‍ഫെഡ് ശൃംഖല വഴി വില്ക്കാമെന്നു ധാരണയായിട്ടുണ്ട്. ബാക്കി വരുന്ന പാല് സംസ്ഥാനത്തെ അംഗന്‍വാടി മുഖേന കുട്ടികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.