ഇറ്റലിയിലെ കോവിഡ് നിയന്ത്രണത്തിലേക്ക് വരുന്നുവെന്ന സൂചനകള്‍ നല്‍കികൊണ്ട് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറയുന്നു. പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയിലെ ഏറ്റവും കുറവാണ് ഇറ്റലി രേഖപ്പെടുത്തിയത്. അതേസമയം സ്‌പെയിന്‍ കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന മരണം രേഖപ്പെടുത്തി.
തിങ്കളാഴ്ച്ച ഇറ്റലിയില്‍ 4050 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 17ന് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ ഇറ്റലിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 97,689ല്‍ നിന്നും 1,01,739ലേക്കെത്തി. ശനിയാഴ്ച്ച 5217ഉം ഞായറാഴ്ച്ച 5974ഉം പേര്‍ക്ക് ഇറ്റലിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,591ലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച മാത്രം 812 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
സ്‌പെയിനില്‍ തിങ്കളാഴ്ച്ച മാത്രം 849 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയേറെ കോവിഡ് മരണങ്ങള്‍ സ്‌പെയിനില്‍ സംഭവിക്കുന്നത്. ഇതോടെ സ്‌പെയിനിലെ ആകെ കോവിഡ് മരണം 8189 ആയി ഉയര്‍ന്നു. പുതിയതായി 9222 കോവിഡ് രോഗം കൂടി സ്ഥിരീകരിച്ചതും സ്‌പെയിനിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. സ്‌പെയിനില്‍ ഇതുവരെ 94,417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഈസ്റ്റര്‍(ഏപ്രില്‍ 12) വരെ തുടരുമെന്നാണ് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പോലും ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഇറ്റലിയില്‍ മെയ് മാസം തുടക്കം വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.