കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിൽ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം. പനി ബാധിച്ച് ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അതീവ വേദനാജനകമായ സ്ഥിതിയാണെന്നും അടുത്ത രണ്ടാഴ്ച നിര്ണ്ണായമാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തില്‍ ഏറെപേരാണ് അസുഖം മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കക്ക് പുറമെ ഇറ്റലിയും സ്പെയിനുമടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് ബാധിച്ച് മരിക്കുവന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.