കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം.
മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അബ്ദുൾ അസീസ് ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചത്. മരണവീടുകളിലും വിവാഹത്തിനും പള്ളിയിലും സ്ഥിരമായി പോയിരുന്ന അബ്ദുൾ അസീസിന് ആരിൽനിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായതിനാൽ എവിടെയൊക്കെ പോയെന്ന കാര്യം വ്യക്തമാക്കാൻ അബ്ദുൾ അസീസിന് സാധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനമായത്. അബ്ദുൽ അസീസിന്റെ മരണം സംഭവിച്ചതിന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാതല അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പൊലീസ് അന്വേഷണത്തിലൂടെ സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ നിർദേശമുണ്ടായത്.
അതേസമയം കടുത്ത നടപടികൾ പോത്തൻകോട് പഞ്ചായത്തിൽ സ്വീകരിക്കും. പഞ്ചായത്തിനെയാകെ ക്വാറന്റൈനിലാക്കാനാണ് തീരുമാനം. അതേസമയം സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അബ്ദുൽ അസീസുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയവർ അക്കാര്യം കോൾ സെന്ററിൽ വിളിച്ച് അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.