പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രണ്ട് കിലോമീറ്റര്‍ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി. മരിച്ച അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ 1077 എന്ന ഹെല്പ് ലൈനില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കാള്‍സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ്. വ്യാപനം നടന്ന മറ്റുരാജ്യങ്ങളില്‍ നിന്നു വന്നവര്‍ പരിസരപ്രദേശങ്ങളില്‍ എത്തിയിട്ടുണ്ടെങ്കില്‍ സ്വമേധയാ 1077 എന്ന കാള്‍സെന്റര്‍ നമ്പറില്‍ വിളിച്ച് പരിശോധനയ്ക്ക് വിധേയരാണെന്ന് സ്വമേധയാ അറിയിക്കണം. പോത്തന്‍കോട് സ്വദേശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതും അറിയിക്കണം’, കടകംപള്ളി പറഞ്ഞു,
പോത്തന്‍കോട്പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂര്‍ണ്ണമായും ക്വാറന്റൈനിലേക്ക് പോവണമെന്നും, ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രന് നിര്‍ദേശിച്ചു.
‘പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണ്ണമായും ക്വാറന്റൈനില്‍ പോവണം, പോത്തന്‍കോടുമായി ബന്ധപ്പെടുന്ന അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്പ്പറേഷന് ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തന്‍കോടിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റിനില്‍ പോവണം’.
പ്രദേശത്തെ എല്ലാവരുടെയും പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.
മരിച്ച അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പൂര്ണമാക്കാന് ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തതും ആശങ്കയുയര്‍ത്തുന്നു.
വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുള്‍ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.