Site icon Ente Koratty

ഇടുക്കിയിലെ നേതാവിന്റെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്; മൂന്നാമത്തെ ഫലം തിങ്കളാഴ്ച

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവർത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോൾ ഫലം നെഗറ്റീവ്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണു ചെറുതോണിയിലെ എ.പി.ഉസ്മാനു രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാൾ‌ക്കു രോഗം ഭേദമായതാണെന്ന് ഇടുക്കി ഡിഎംഒ പറഞ്ഞു.

4 ദിവസത്തെ ഇടവേളയിലാണു സാംപിളുകൾ ശേഖരിച്ചത്. മൂന്നാമത്തെ സാംപിൾ ഇന്നു വൈകിട്ട് ശേഖരിച്ചു. ഫലം തിങ്കളാഴ്ച വന്നേക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവായ ഉസ്മാൻ കേരളം ചുറ്റിയതായാണു രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്തു മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാ‍ൻ പോയിരുന്നു. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണു താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്.

ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും സന്ദർശനം നടത്തി. നിലവിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ്. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി  അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചിരുന്നു.

Exit mobile version