ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു.
ജില്ലാ കളക്ടർ ഉടൻ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തുമെന്നാണ് വിവരം. തോഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.