Site icon Ente Koratty

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19 ബാധിച്ചു. തിരുവനന്തപുരത്ത് രണ്ടും, കൊല്ലം പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 165 ആയി. ഇന്ന് 148 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്. സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം അറിയാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകൾ നടത്തും.

വെന്റിലേറ്റർ, എൻ95 മാസ്ക്, ഓക്സിജൻ സിലിണ്ടർ, കയ്യുറകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട–ചെറുകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ സ്ഥാപിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വി എസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. 41,826 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. 31,263 പേർക്ക് വീട്ടിൽ എത്തിച്ചു നൽകി. ചില പരാതികൾ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉയർന്നിട്ടുണ്ട്. അത് പരിഹരിക്കും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്. ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്ന് കൊച്ചിയിലെ കൊറോണബാധിതന്റെ മരണത്തെ കുറിച്ച് പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരൻ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. പത്രവിതരണം അവശ്യസർവീസ് ആണെന്നും റസിഡൻസ് അസോസിയേഷനുകൾ പത്രവിതരണം തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നാലുപേർക്ക് രോഗം ഭേദമായി.

Exit mobile version