കോവിഡ് 19 വൈറസ് ബാധ കണ്ടെത്താൻ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കാവുന്നത്. ഇതിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. പിസിആർ (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.
രാജ്യത്ത് ഇത് വരെ നടത്തിയ എല്ലാ ടെസ്റ്റും പിസിആർ ആണ്. ഫലത്തിന്റെ കൃത്യതയാണ് ഇതിന്റെ സവിശേഷത. എന്നാൽ സമയം കൂടുതൽ എടുക്കുമെന്നതാണ് പ്രധാന പോരായ്മ. കൂടാതെ ചെലവും കൂടുതലാണ്. കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റിലേയ്ക്ക് സർക്കാർ നീങ്ങുന്നത്.
എന്താണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്?
വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ആൻ്റിബോഡികൾ കണ്ടെത്തുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്. വൈസ് ശരീരത്തിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ആൻ്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. ഈ ആൻ്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കുന്നതാണ് പരിശോധന രീതി. എലിസ (Enzyme Linked Immunosorbent Assay) എന്ന ടെസ്റ്റ് വഴിയാണ് ആൻ്റിബോഡികൾ സാധാരണയായി കണ്ടെത്തുന്നത്.
എലിസയ്ക്ക് സമാനമായ റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 ന് വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുമുണ്ട്. പിസിആർ നെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ചെയ്യാമെന്നതും ചിലവ് കുറവാണെന്നതുമാണ് ആന്റിബോഡി ടെസ്റ്റിന്റെ ഗുണം. പക്ഷേ തെറ്റ് വരാനുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ കടന്ന ശേഷം ദിവസങ്ങൾ കഴിഞ്ഞേ ടെസ്റ്റ് പോസിറ്റീവ് ആവുകയുള്ളൂ. അതിനാൽ തന്നെ വൈറസ് ശരീരത്തിൽ പ്രവേശിച്ച തൊട്ട് അടുത്ത ദിവസങ്ങളിൽ വൈറസിന്റെ ആന്റിബോഡിയെ റാപ്പിഡ് ടെസ്റ്റിൽ കണ്ടെത്താൻ കഴിയില്ല.