സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ചയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേര് കൂടി ചികിത്സയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും മൃതദേഹം വിഡിയോയിലുടെ കാണിച്ചു കൊടുത്തു. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം. നാലു പേര് മാത്രമേ പങ്കെടുക്കാവൂ. കലക്ടര്‍ മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന് സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ദുബായിൽ നിന്ന് 16ന് എത്തിയ ഇയാളെ കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി 22നാണു കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്ത സമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.