കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്കാന് മന്ത്രിസഭ തീരുമാനം. ബി.പി.എല്‍ വിഭാഗത്തിന് 35 കിലോ അരി തുടരും. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി വീതം നല്‍കും. പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യശാലകള്‍ 21 ദിവസം പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം അടച്ചിട്ടതോടെ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കും. എക്സൈസ് വകുപ്പിനാണ് ഇതിന്റെ ചുമതല.
രാജ്യം ലോക്ക്ഡൌണിലേക്ക് പോവുകയും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് എല്ലാവര്ക്കും ഭക്ഷ്യധാന്യം എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. ബി.പി.എല്‍ വിഭാഗത്തിന് നല്കികൊണ്ടിരിക്കുന്ന 35 കിലോ അരി തുടരും. മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 കീലോ അരി വീതം ലഭിക്കും. അതായത് കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യം കിട്ടുന്ന തരത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
സപ്ലൈകോ വഴി പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കും. അതേസമയം സംസ്ഥാനത്തെ എല്ലാ ബിവറേജ് ഔട്ട് ലെറ്റുകളും 21 ദിവസത്തേക്ക് പൂട്ടാന്‍ രാവിലെ സര്‍ക്കാര്‍ തീരുമാനിച്ചു. സമ്പൂര്‍ണ്ണമായി മദ്യം ലഭിക്കാതിരുന്നാല്‍ മദ്യദുരന്തരമുണ്ടാകുമോ എന്ന ആശങ്കയുള്ളതിനാല്‍ ഓണ്‍സൈന്‍ വഴി മദ്യം നല്‍കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.