Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാടും മൂന്ന് പേര്‍ എറണാകുളത്തും രണ്ട് പേര്‍ പത്തനംതിട്ടയിലും ഒരാള്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകലിലൂടെ ലഭിച്ചതാണ്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 72,542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

4902 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് ബാധയുണ്ടായതിൽ 91 പേർ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികൾ. ബാക്കി 19 പേർക്ക് കോൺടാക്ട് മുഖേന വൈറസ് ബാധിച്ചു.

ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇത് കാണിക്കുന്നത് നാം കൂടുതല്‍ കരുതലെടുക്കണം എന്നാണ്.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Exit mobile version