Site icon Ente Koratty

സംസ്ഥാനം പൂര്‍ണമായി അടച്ചിടും; അവശ്യവസ്തുക്കള്‍ ലഭ്യമാക്കും;

സംസ്ഥാനത്ത് പുതുതായി 28പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍.

സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍  അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് മാറിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മറ്റു ആറു സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഭാഗികമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു കശ്മീര്‍, നാഗലാന്‍ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ലഡാക്ക്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, ബിഹാര്‍, ത്രിപുര, തെലങ്കാന, ചത്തീസ്ഗഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു സര്‍വീസുകള്‍ നിരോധിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിന് 80 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Exit mobile version