Site icon Ente Koratty

ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 415, മരണം 7

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോവല്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. രോഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. എസിഎംആര്‍ ആണ് പുതുക്കിയ കണക്കുകള്‍ പുറത്തുവിട്ടത്.

”മാര്‍ച്ച്‌ 23 രാവിലെ പത്തുമണി വരെ രാജ്യത്താകമാനം ഇതുവരെ 18383 സാമ്ബിളുകള്‍ ശേഖരിച്ചു. 17493 എണ്ണം പരിശോധനയ്ക്ക് വിധേയമാക്കി. 415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മഹാരാഷ്ട്രയാണ് രോഗം ഏറ്റവും തീവ്രമായി അനുഭവപ്പെടുന്ന സംസ്ഥാനം. അവിടെ 67 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ 64 പേരും ഇന്ത്യക്കാരാണ്. കേരളത്തിലും 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 60 സ്വദേശികളാണ്.

ഡല്‍ഹിയില്‍ ഇതുവരെ 29 പേരുടെ രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും യഥാക്രമം 28ഉം 27ഉം പേര്‍ക്ക് രോഗബാധയുണ്ട്. പഞ്ചാബില്‍ രോഗം ബാധിച്ചവരുടെ എണ്ണം 21ആയി വര്‍ധിച്ചു.

ഇതുവരെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 24 ആയി.

രോഗപ്രസരണം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുകയും വേണം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ എസ് ദത്ത്‌വാലിയ അറിയിച്ചു.

Exit mobile version