ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 3 പേര് കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ 52 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 49 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
176 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര് വീടുകളിലും 228 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
സർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കും. കാസർകോട്ടുകാരൻ കാട്ടിയത് നിരുത്തരവാദപരമായ സമീപനമാണ്. ചോദ്യം ചെയ്തിട്ടും അയാൾ കാര്യം പറയാത്തത് ദുരൂഹം. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കും. ഇത്തരക്കാർക്ക് ആരും പിന്തുണ നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പങ്കെടുത്തു.